ഫിത്വ് ർ സകാത്ത്: ലക്ഷ്യവും പ്രയോഗവും – സുഫ്‌യാൻ അബ്ദുസ്സലാം

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളാണ് റമദാനും ഖുർആനും. മാനവരാശിയുടെ സമ്പൂർണ്ണമായ മോചനത്തിന് വേണ്ടി അവതരിക്കപ്പെട്ട ഗ്രന്ഥമായ ഖുർആൻ അന്ധകാരങ്ങളിൽ നിന്നും മാനവസമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഏക ഗ്രന്ഥമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യ ഹൃദയങ്ങളിൽ സാന്ത്വനത്തിന്റെ മന്ത്രണങ്ങൾ ഉരുവിടുകയും പ്രതിസന്ധികളിൽ നിന്നുള്ള മോചനത്തെ കുറിച്ച് കൃത്യമായ അറിവുകൾ മനുഷ്യന് സമ്മാനിക്കുകയും ചെയ്ത ഗ്രന്ഥം.

അവർണ്ണനീയമായ മഹത്വങ്ങളുടെ നിറകുടമായ ആ ഗ്രന്ഥം അവതരിക്കപ്പെട്ടതിൽ ദൈവഭക്തിയും പരലോക ചിന്തയും മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു വിശ്വാസിയും ഒട്ടേറെ സന്തോഷിക്കും.

അതുകൊണ്ട് തന്നെ ഖുർആൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ മാസമായ റമദാൻ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നന്ദിയുടെയും കടപ്പാടിന്റെയും മാസമാണ്.

സ്രഷ്ടാവായ തമ്പുരാന്റെ അപാരമായ അനുഗ്രഹങ്ങൾക്കുള്ള നന്ദിയും അവസാനിക്കാത്ത ഔദാര്യങ്ങളോടുള്ള കടപ്പാടും. വ്രതാനുഷ്ഠാനത്തിലൂടെ അത് നിര്വ്വംഹിക്കപ്പെടുന്നു.

എന്നാൽ വളരെയേറെ പരിശുദ്ധമാക്കപ്പെടേണ്ട വ്രതങ്ങളിൽ കളങ്കങ്ങൾ ഇല്ലാതിരിക്കൽ അനിവാര്യമാണ്.

‘നോമ്പ് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്കുാന്നത്’

എന്ന ദൈവിക സന്ദേശത്തിലൂടെ ഒട്ടേറെ മഹത്വങ്ങൾ നിശ്ചയിച്ച വ്രതാനുഷ്ഠാനത്തിൽ മാനുഷികമായി സംഭവിച്ചു പോകുന്ന ചെറിയ പിഴവുകൾ പോലും പരിഹരിക്കപ്പെടേണ്ടതുണ്ട്.

അത്യുദാരനായ നാഥൻ അതിനു നിശ്ചയിച്ച
പരിഹാരമാണ് “ഫിത്വ് ർസകാത്ത്.”

റമദാൻ മാസം പൂർത്തിയാക്കി ശവ്വാൽ അമ്പിളിക്കല മാനത്ത് പ്രത്യക്ഷപ്പെടുമ്പോൾ വിശ്വാസികളുടെ മനസ്സിൽ ആഹ്ളാദത്തിന്റെ പൂത്തിരികൾ കത്തി തുടങ്ങുന്നു.

പെരുന്നാൾ ആഘോഷിക്കുന്നവരിൽ പലരും മുഴുപട്ടിണിയിലും അരപ്പട്ടിണിയിലുമാണെന്നത് പെരുന്നാളിന്റെ നിറം കെടുത്താൻ പാടില്ല.
പെരുന്നാൾ സമൃദ്ധിയുടെതും സന്തോഷത്തിന്റെതുമാണ്. റമദാനിൽ നോമ്പെടുത്ത വിശ്വാസികളിൽ ഒരാളും അന്ന് പട്ടിണി അനുഭവിക്കരുത്.

മുസ്ലിം സമൂഹത്തിന്റെ പൊതു ബാധ്യതയാണ് പെരുന്നാൾ ദിനം ഒരാൾ പോലും പട്ടിണി കിടക്കാൻ പാടില്ല എന്നു ഉറപ്പുവരുത്തൽ.
അത്യുദാരനായ നാഥൻ ആ ബാധ്യത നിറവേറ്റപ്പെടുന്നതിനും നിശ്ചയിച്ച പരിഹാരമാണ് ഫിത്വ് ർ സകാത്ത്.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു. “നോമ്പുകാരന്റെ ചെറു ദോഷങ്ങൾക്കുള്ള ശുദ്ധീകരണമായും സാധുക്കൾക്കുള്ള ഭക്ഷണമായും ഫിത്വ്ർ സകാത്തിനെ ദൈവദൂതർ നിശ്ചയിച്ചിരിക്കുന്നു.” (അബൂദാവൂദ്).

ഫിത്വ് ർ സകാത്ത് ഏവർക്കും നിർബന്ധമാണ്‌. ഇബ്നു ഉമർ (റ) പറഞ്ഞു: “റമദാനിലെ ഫിത്വ് ർ സകാത്ത്‌ ജനങ്ങൾക്ക് അല്ലാഹുവിന്റെ ദൂതർ നിർബന്ധമാക്കി.

ഒരു സ്വാഉ കാരക്ക, അല്ലെങ്കിൽ ഒരു സ്വാഉ ഗോതമ്പ്. മുസ്ലിമായ ഓരോ സ്വതന്ത്രനും അടിമക്കും സ്ത്രീക്കും പുരുഷനും നിർബന്ധമാണ്‌.” (ബുഖാരി, മുസ്ലിം).

ഉപരിസൂചിത പ്രവാചക നിർദ്ദേശത്തിൽ നിന്നും ഫിത്വ് ർ സകാത്ത്‌ എല്ലാവർക്കും നിർബന്ധമാണെന്ന് മനസ്സിലാക്കാം. വ്രതമനുഷ്ഠിക്കുകയും പെരുന്നാൾ ആഘോഷിക്കുകയും ചെയ്യുന്നവരെല്ലാവരും ഒരുമിച്ച് ചെയ്യുന്ന നിർബന്ധദാനം എന്ന നിലക്ക് മുസ്ലിം സമൂഹത്തിലെ മുഴുവൻ പേരുടെയും പങ്കാളിത്തം ഫിത്വ് ർ സകാത്തിൽ ഉണ്ടാവുന്നു എന്നത് ഈ മഹത്തായ കർമ്മത്തിന്റെ ജനകീയത കൂടി വ്യക്തമാക്കുന്നു.

പെരുന്നാൾ ദിവസം തന്റെയും തന്റെ ആശ്രിതരുടെയും ചിലവുകൾ കഴിച്ച് മിച്ചമുണ്ടാകുന്ന ഏതൊരാളും ഫിത്വ്ർ സകാത്ത്‌ നൽകിയിരിക്കണം.

ആശ്രിതരുടെ ഫിത്വ് ർ സകാത്ത്‌ നൽകൽ കുടുബനാഥന്റെ ഉത്തരവാദിത്വത്തിൽ പെട്ട കാര്യമാണ്. റമദാനിലെ അവസാന ദിവസം സൂര്യാസ്തമയത്തിനു മുമ്പായി പിറന്നു വീഴുന്ന കുഞ്ഞിനും ഫിത്വ് ർ സകാത്ത് നിർബന്ധമാണ്‌

കുഞ്ഞിന്റെ രക്ഷകർത്താവ് അത് നൽകിയിരിക്കണം.
ഫിത്വ് ർ സകാത്തായി ഓരോ വ്യക്തിയും ഒരു സ്വാഉ നൽകണമെന്നാണ് പ്രവാചക നിർദ്ദേശം. ഒരു സ്വാഉ നാല് മുദ്ദുകളാണ്. ഒരു ശരാശരി മനുഷ്യന്റെ കൈകൾ ചേർത്തു വെച്ച് അതിൽ കൊള്ളുന്ന അളവാണ് ഒരു മുദ്ദ്. ഓരോ പ്രദേശത്തെയും മുഖ്യാഹാരത്തെ പരിഗണിക്കാനാണ് പ്രവാചക ചര്യകളെ സസൂക്ഷം നിരീക്ഷിച്ചു മനസ്സിലാക്കിയ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.

മലയാളികളുടെ മുഖ്യാഹാരമായ അരിയെ ഈ അളവിൽ എടുത്താൽ ഏകദേശം രണ്ടര കിലോഗ്രാം വരും.

ഈദുൽ ഫിത്വ് ർ നമസ്കാരത്തിനു മുമ്പായി ഫിത്വ് ർ സകാത്ത്‌ നൽകിയിരിക്കണം എന്നാണു പ്രവാചകൻ പഠിപ്പിക്കുന്നത്. നമസ്കാര ശേഷം നൽകുന്നതിനെ സാധാരണ ധർമ്മം മാത്രമായിട്ടേ പരിഗണിക്കുകയുള്ളൂ.

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും: “ആരെങ്കിലും അത് നമസ്കാരത്തിനു മുമ്പായി നൽകിയാൽ അത് സ്വീകരിക്കപ്പെടുന്ന സകാത്തായിരിക്കും. ആരെങ്കിലും അത് നമസ്കാരത്തിനു ശേഷം നൽകിയാൽ ധർമ്മങ്ങളിൽ പെട്ട ഒരു ധർമ്മം മാത്രമായിരിക്കും” (അബൂദാവൂദ്).

ഇബ്നു ഉമർ (റ) വിൽ നിന്നും: “ജനങ്ങൾ നമസ്കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി ഫിത്വ് ർ സകാത്ത് നൽകാൻ അല്ലാഹുവിന്റെ തിരുദൂതർ കൽപ്പിച്ചിരിക്കുന്നു.” (ബുഖാരി, മുസ്ലിം).

ഫിത്വ്ർ സകാത്ത് ഉപയോക്താക്കൾക്ക് പണമായി നൽകാൻ പാടില്ല എന്നാണു പ്രവാചക നിർദ്ദേശങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

എവിടെ വെച്ചാണോ പെരുന്നാൾ ആഘോഷിക്കുന്നത് അവിടെയാണ് ഫിത്വ് ർ സകാത്ത് നൽകേണ്ടത്.

ഫിത്വ് ർ സകാത്ത് നൽകാനുള്ള ഏറ്റവും അനുയോജ്യമായ സമയം പെരുന്നാളിന്റെ ദിവസം പളളിയിൽ പോവുന്നതിന്റെ മുമ്പാണ്. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നൽകുന്നതിന് വിരോധമില്ല.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ അപ്രകാരം കാണാം. ഫിത്വ് ർ സകാത്തിന്റെ അവകാശികൾ ‘മിസ്കീനുകൾ’ മാത്രമാണ്. അതിന്റെ പേരിൽ സമാഹരിച്ചത് അതല്ലാത്ത മറ്റു സംരംഭങ്ങളിലേക്കോ പ്രവർത്തനങ്ങളിലേക്കൊ വക മാറ്റി ചിലവഴിക്കാൻ പാടുള്ളതല്ല.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകളിലും മറ്റുമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരുടെ സഹായങ്ങൾക്കായി കൈ നീട്ടിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഒട്ടനവധി സ്ഥലങ്ങളിൽ പെരുന്നാൾ ദിവസം പോലും ഭക്ഷണം കഴിക്കാൻ വകയില്ലാതെ കഷ്ടപ്പെടുന്ന അനേകം പേരുണ്ട്. വിവിധ നാടുകളിൽ നിന്നും ഇവിടെ വരികയും പല കാരണങ്ങളാൽ ദൈന്യതകൾ അനുഭവിക്കുകയും ചെയ്യുന്ന ആയിരങ്ങൾ ഇവിടെ ജീവിക്കുന്നുവെന്ന സത്യം നില നില്ക്കു മ്പോൾ

ഫിത്വ് ർ സകാത്ത് സമാഹരിച്ച് നാട്ടിലേക്ക് അയക്കുകയല്ല വേണ്ടത്.

ഒരു പ്രദേശത്ത് സാധുക്കളില്ലെന്നു ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമാണ് ഫിത്വ് ർ സകാത്ത് മറ്റു നാടുകളിലേക്ക് അയക്കാമോ എന്ന ചർച്ച തന്നെ പണ്ഡിതന്മാർക്കിടയിലുള്ളത്.

സകാത്തുൽ ഫിത്വ് ർ അന്വേഷിച്ചു കൊണ്ട് സാധുജനങ്ങൾ പണക്കാരുടെ തിണ്ണകളിൽ കയറിയിറങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ല. അവരെ കണ്ടെത്തി അങ്ങോട്ട് എത്തിച്ച് കൊടുക്കുകയാണ് വേണ്ടത്. ഫിത്വ് ർ സകാത്ത് പണമായി നേരിട്ട് അതിന്റെ ഉപയോക്താക്കൾക്ക് നൽകാൻ പാടില്ല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ അവരിലേക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള വിശ്വസ്തരായ ഏജൻസികൾ ഉണ്ടെങ്കിൽ അവരെ ഭക്ഷ്യവസ്തുക്കളായോ പണമായോ എൽപ്പിക്കുന്നതിനു വിരോധമില്ല.

അത്തരം ഏജൻസികൾക്ക് സമൂഹത്തിലെ അഗതികളെ കുറിച്ചും സകാത്തുൽ ഫിത്വറിനു അർഹരായ ആളുകളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ ഉണ്ടെങ്കിൽ സകാത്തുൽ ഫിത്വ് ർ ഭക്ഷണമായി അർഹരിലേക്ക് എത്തിക്കുവാൻ അത് വഴി സാധിച്ചേക്കാം.

*ഫിത്വ് ർ സകാത്ത് സൂക്ഷിക്കാൻ പ്രവാചകൻ (സ്വ) അബൂഹുറൈറ (റ) വിനെ
ഉത്തരവാദപ്പെടുത്തിയിരുന്നതായി ഹദീസുകളിൽ കാണാം. അദ്ദേഹം പറയുന്നു: “റമദാനിലെ സകാത്തിന്റെ (സകാത്തുൽ ഫിത്റിന്റെ) സൂക്ഷിപ്പിന് വേണ്ടി അല്ലാഹുവിന്റെ തിരുദൂതർ എന്നെ ഉത്തരവാദപ്പെടുത്തി”.

ഇബ്നു ഉമർ (റ)വിന്റെ ചര്യയിൽ ഫിത്വ് ർ സകാത്തിന്റെ ഉദ്യോഗസ്ഥൻ തയ്യാറാവുന്നതെപ്പോഴാണോ അപ്പോൾ അദ്ദേഹം ഫിത്വ് ർ സകാത്ത് ഏൽപ്പിച്ചിരുന്നു എന്നു കാണാം.

പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു ഉദ്യോഗസ്ഥൻ തയ്യാറായി വന്നിരുന്നതെന്നും ഇമാം ഇബ്നുഖുസൈമ ഉദ്ധരിച്ച പ്രസ്തുത ഹദീസിൽ കാണാം. ഇതിൽ നിന്നും ഫിത്വ് ർ സകാത്ത് നേരത്തെ എൽപ്പിക്കുന്നതിനു വിരോധമില്ല എന്നു മനസ്സിലാക്കാം. എന്നാൽ അതിന്റെ വിതരണത്തിന്റെ സമയം പെരുന്നാൾ ഉറപ്പിക്കുന്നതോട് കൂടിയാണ്.
സകാത്തുൽ ഫിത്വ് ർ പ്രവാചക നിർദ്ദേശങ്ങൾക്കനുസൃതമായി നിർവ്വഹിച്ചു കൊണ്ട് വ്രതാനുഷ്ഠാനങ്ങളിൽ സംഭവിച്ച പോരായ്മകൾ പരിഹരിക്കുവാനും എല്ലാവർക്കും സുഭിക്ഷമായി ഈദുൽ ഫിത്വ് ർ ആഘോഷിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിൽ പങ്കാളികളായി പുണ്യം വരിക്കുവാനും സർവ്വശക്തൻ നമ്മെ തുണക്കുമാറാകട്ടെ

2435 Total Views 1 Views Today

share : social social